പഞ്ചാരയില്ലാത്ത തരിക്കഞ്ഞി
റംസാൻ കാലത്തു നമുക്കേറെ പ്രിയപ്പെട്ട വിഭവമാണ് തരിക്കഞ്ഞി. 2 കപ്പ് റവ ചെറിയ തീയിൽ ഇട്ട് നന്നായി ഒന്ന് വറുത്തെടുക്കാം. നല്ല മണം വരുമ്പോൾ നമുക്ക് ഇത് അടുപ്പിൽ നിന്നും മാറ്റിവെക്കാം
ഇനി ആവശ്യമായ ഒന്നരക്കപ്പ് പാൽ തിളപ്പിക്കാൻ വയ്ക്കാം. അതിനായി ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടി ചേർക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും പിന്നീട് രണ്ടു നുള്ള് ഉപ്പും കൂടെ ചേർക്കാം. നന്നായി തിളച്ചുവരുമ്പോൾ വറത്തു വച്ച റവ ചേർത്ത് കൊടുക്കാം.
ഇത് ചെറിയ തീയിൽ വേവിച്ചെടുക്കാം, പിന്നീട് മധുരത്തിന് പഞ്ചസാരയ്ക്ക് പകരമായി sHweet stevia പൗഡർ ആവശ്യത്തിനനുസരിച്ചു തരിക്കഞ്ഞിയിൽ ചേർക്കാം.
അതിനു ശേഷം ചെറുതായി കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം.
താളിച്ചു ചേർക്കാനായി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂത്തു തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ കശുവണ്ടി നുറുക്കിയത് ചേർക്കാം. ചെറുതായി നിറം മാറി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി കൂടെ ചേർക്കാം. എന്നിട്ട് എല്ലാം കൂടെ തയാറാക്കിയ തരിക്കഞ്ഞിയിലേക്ക് ചേർക്കാം. എന്നിട്ട് ചൂടോടെ വിളമ്പാം.